ഭൂതകാല ചുരുളുകൾക്കിടയിൽ പെട്ട് അതിന്റെ നിലയില്ലാ കയത്തിലേക്ക് മൂക്കും കുത്തി വീഴുന്ന രാത്രികളിൽ ഞാൻ അവനെ കുറിച്ച് ഓർക്കാറുണ്ട്..
AUP സ്കൂളിന്റെ വരാന്തയിലൂടെ ഒരു സ്ലേറ്റ് പെൻസിലും പിടിച്ചു എന്റെ ഹൃദയത്തിന്റെ ക്ലാസ് മുറിയിലേക്ക് കടന്നു വന്നവൻ..
പിറന്നാൾ ദിനം മഷിത്തണ്ടുകൾ സമ്മാനായ് തന്നവൻ..
തേൻ മുട്ടായിയുടെയും വളപ്പൊട്ടുകളുടെയും കോൽഐസുകളുടെയുമൊക്കെ വർണ ശബളമായ ലോകത്തിൽ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത് അവന്റെ നിഷ്കളങ്കമായ കറുത്ത മുഖത്തെയായിരുന്നു.. നിറം മങ്ങിയ അവന്റെ ജീവിതത്തെയായിരുന്നു..
പെട്ടെന്നൊരു ദിവസം അവനെ കാണാതായ്.. " നൈന്റി സിക്സ് " എന്ന സിനിമയിലെ നായകനെ പോലെ കുറേ ഏറെ സ്നേഹം വാരി ചൊരിഞ്ഞു, ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി പെട്ടെന്നൊരു അപ്രത്യക്ഷമാവൽ..
ദിവസങ്ങൾ കഴിഞ്ഞു.. മാസങ്ങളും വർഷങ്ങളും കഴിഞ്ഞു.. അവൻ ഓർമകളായി എന്നിൽ എപ്പൊഴക്കെയോ വന്നു പോയ്..
അവനു പകരം വേറെ ആരൊക്കെയോ വന്നിരുന്നു എങ്കിലും ഞാനവനെ ഓർത്തുകൊണ്ടേ ഇരുന്നു എന്നതാണ് സത്യം... അങ്ങനെ ഇരിക്കെയാണ് ഒരീസം അച്ഛന്റെ കൂടെ കോഴിക്കോട് ബീച്ച് കാണാൻ പോയത്..
കുലിക്കി സർവത്തിന്റെയും ഉപ്പിലിട്ട ഐറ്റംസ് വിൽക്കുന്ന തട്ടുകടകളുടെയും തിളങ്ങുന്ന പട്ടങ്ങളുടെയും ഐസ് ഉരതിയുടെയും ചെങ്കനൽ ചായം പൂശിയ ആകാശവും പിന്നെ ആർത്തിരമ്പുന്ന കടലും കണ്ടു മതി മറന്ന് നടക്കുകയായിരുന്നു ഞാൻ..
ബീച്ച് ഹിസ്‌പിറ്റലിനു മുൻ വശത്താണെന്ന് തോനുന്നു.. ഒരു ആൾക്കൂട്ടം.. കാർഡ് ബോഡിൽ A4 ഷീറ്റ് ഒട്ടിച്ച് അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.. " 15മിനിറ്റിനുള്ളിൽ നിങ്ങളുടെ ചിത്രം വരഞ്ഞു തരും 250 രൂപ "
ഞാൻ കൈ നീട്ടി അത് അച്ഛനെ കാണിച്ചു.. ഞങ്ങള് അങ്ങോട്ട് നടന്നു..
അവിടെ നീണ്ടു ചുരുണ്ട മുടികളും മുറുക്കി ചോപ്പിച്ച വായയും ചേറു നിറഞ്ഞ കൈ നഖങ്ങളും ഉള്ള ഒരാൾ ചിത്രങ്ങൾ വരയ്ക്കുകയാണ്.. ആദ്യം അറപ്പും ഭയവും തോന്നി എങ്കിലും അയാൾ വരയ്ക്കുന്ന വര കണ്ടപ്പോൾ അത്ഭുതവും സഹതാപവും തോന്നി.. ഞങ്ങൾക്കും വരച്ചു തരണം.. ഞാൻ പറഞ്ഞു.. മുഖത്തേക്ക് നോക്കാതെ അയാൾ കൈ വിരൽ വലതു വശത്തേക്ക് നീട്ടി.. അവിടെ മൂന്ന് പേര് ക്യു വിൽ ഇരിപ്പുണ്ടായിരുന്നു.. ഞങ്ങൾ നാലാമത്തെ ആളായി അവിടെ പോയ് ഇരുന്നു.. അച്ഛന്റെ ഫോണെടുത്തു ഗെയിം കളി തുടങ്ങി..
അൽപ സമയത്തിന് ശേഷം ഞങ്ങളുടെ നമ്പർ എത്തി.. ഞാൻ അയാളുടെ മുന്നിൽ പോയ് മുഖത്ത് നല്ല ചിരിയും വരുത്തി ഇരുന്നു.. അയാൾ വര തുടങ്ങി.. ഞാൻ അയാളുടെ മുടിയും കണ്ണും മുറുക്കുന്ന വായയും നോക്കി പല്ല് പുറത്ത് കാണിക്കാതെ ചിരിക്കുകയാണ്.. പെട്ടെന്ന് നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയ്.. ഞാനാ കണ്ണുകളിലേക്ക് സൂക്ഷ്മമായി നോക്കിയിരുന്നു.. പതിയെ എന്റെ ചിരി മാഞ്ഞു തുടങ്ങി കരഞ്ഞു പോവുമോ എന്ന് വരെ തോന്നി പോയ്.. അത് അവനാണ്.. അവൻ ഒരുപാട് മാറിയിരിക്കുന്നു.. മുറുക്ക് പോലുള്ള ദുശീലം ആവാം.. അവന്റെ മുഖം പ്രായത്തിലും കവിഞ്ഞു വാർദ്ധക്യത്തിൽ എത്തിയിരിക്കുന്നു..
ചിത്രം വര കഴിഞ്ഞപ്പോൾ അധിക നേരം എനിക്കവിടെ നിൽക്കാൻ തോന്നിയില്ല.. തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ ഞാൻ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു അച്ഛന്റെ തോളിൽ ചാരി കിടന്നു..
ആകാശം കാർമേഘങ്ങൾ വിതറിക്കൊണ്ട് ചെറീയൊരു മഴയ്ക്കു തയ്യാറെടുക്കുകയാണ്.. പക്ഷെ അപ്പോഴേക്കും വലിയൊരു പേമാരി എന്റെ ഉള്ളിൽ പെയ്തു തുടങ്ങിയല്ലോ.. 💔
No comments:
Post a Comment